കൂറ്റന്‍ ചരക്കുവിമാനം എയര്‍ബസ് ബെലുഗ ആദ്യമായി മുംബൈയിൽ

  • 24/11/2022



മുംബൈ: ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനങ്ങളിലൊന്നായ എയര്‍ബസ് ബെലുഗ ആദ്യമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. തിമിംഗിലത്തിന്റെ രൂപമുള്ളതും അസാധാരണ വലിപ്പമുള്ളതുമാണ് ഈ വിമാനം. എ300-600ടി സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. 56 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ട് ഇതിന്.

മുംബൈ വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കു വിമാനങ്ങളില്‍ ഒന്നാണിത്. ബെലുഗ തിമിംഗലത്തിന്റെ മുഖത്തിന് സമാനമാണ് മുന്‍ഭാഗം. വിമാനത്തിന്റെ പേരിന് പിന്നില്‍ ഇതാണ്. ബഹിരാകാശം, ഊര്‍ജം, വ്യോമയാനം, പ്രതിരോധം, കപ്പല്‍ഗതാഗതം തുടങ്ങിയ മേഖലകള്‍ക്ക് വേണ്ടിയുള്ള വലിയ വസ്തുക്കളുടെ ചരക്കുനീക്കങ്ങള്‍ക്കായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ എത്തിയത് എന്തിനെന്ന് വ്യക്തമല്ല.

ഞായറാഴ്ച കൊല്‍ക്കത്ത വിമാനത്താവളത്തിലും ഈ വിമാനം ഇറങ്ങിയിരുന്നു. അഹമ്മദാബാദില്‍ നിന്നുമെത്തിയ വിമാനം ഇന്ധനം നിറയ്ക്കുന്നതിനും ജീവനക്കാരുടെ വിശ്രമത്തിനും വേണ്ടിയാണ് കൊല്‍ക്കത്തയിലിറങ്ങിയത്. 

വിമാനമെത്തിയ വിവരം കൊല്‍ക്കത്ത വിമാനത്താവളവും ട്വീറ്റ് ചെയ്തിരുന്നു. നമ്മുടെ രാജ്യത്തേക്ക് അപൂര്‍വമായി മാത്രം എത്താറുള്ള വിമാനമായതിനാല്‍ തന്നെ കാണുന്നവര്‍ക്കെല്ലാം കൗതുകമാണ്. ബെലുഗ എക്‌സ്എല്‍ എന്ന പുതിയ തലമുറയില്‍പ്പെട്ട ആറ് വിമാനങ്ങളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. 

Related News