ചരിത്ര പ്രസിദ്ധമായ ദില്ലി ജമാ മസ്ജിദില്‍ സ്ത്രീകള്‍ക്ക് തനിച്ച്‌ പ്രവേശനം നിരോധിച്ചു; പുരുഷന്‍ കൂടെ വേണം

  • 24/11/2022

ദില്ലി: ചരിത്ര പ്രസിദ്ധമായ ദില്ലി ജമാ മസ്ജിദില്‍ സ്ത്രീകള്‍ക്ക് തനിച്ച്‌ പ്രവേശനം നിരോധിച്ചു. സ്ത്രീകള്‍ ഒറ്റക്കോ ഒരുമിച്ചോ പള്ളി സമുച്ചയത്തില്‍ പ്രവേശിക്കരുതെന്ന് ജമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ പേരില്‍ ഗേറ്റില്‍ പതിച്ച നോട്ടീസില്‍ അറിയിച്ചു. ജമാ മസ്ജിദ് സമുച്ചയത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അവരുടെ കുടുംബത്തിലെ പുരുഷന്‍ കൂടെ വേണമെന്നും നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജമാ മസ്ജിദിന്റെ പ്രവേശന കവാടത്തില്‍ നിരോധനം അറിയിച്ചുള്ള നോട്ടീസ് പതിച്ചത്. മൂന്ന് ഗേറ്റുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടീസ് അച്ചടിച്ച തീയതി ഇല്ല.


വിഷയത്തില്‍ ജമാ മസ്ജിദ് ഭരണകൂടത്തിന് നോട്ടീസ് നല്‍കുമെന്നും ഇത്തരമൊരു വിലക്ക് പുറപ്പെടുവിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. അതേസമയം, നമസ്കാരത്തിനായി എത്തുന്നവര്‍ക്ക് ശല്യമാണെന്നും മസ്ജിദിന്റെ ദൃശ്യങ്ങള്‍ സ്ത്രീകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് തടയാനാണ് നിരോധനമെന്ന് ജമാ മസ്ജിദിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സബിയുള്ള ഖാന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്കും വിവാഹിതരായ ദമ്ബതികള്‍ക്കും നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയായതോടെ പ്രാര്‍ത്ഥന നടത്താന്‍ വരുന്നവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് ജമാ മസ്ജിദ് ഷാഹി ഇമാം രംഗത്തെത്തി. പള്ളി ആരാധനക്കുള്ള സ്ഥലമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ അവരുടെ കാമുകനെ കാണാനായി പള്ളിയില്‍ കാത്തിരിക്കുന്നത് ശരിയല്ലെന്നും ഇമാം വ്യക്തമാക്കി. ആരാധനക്കായി ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പള്ളിയില്‍ പ്രവേശിക്കാമെന്നും അതിന് തടസ്സമില്ലെന്നും ഇമാം പറഞ്ഞു. 17ാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്തിലാണ് ദില്ലി ജമാ മസ്ജിദ് നിര്‍മിച്ചത്.

Related News