പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിയുടെ കാശ് തിരികെ നല്‍കാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം

  • 25/11/2022

ദില്ലി: പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിയുടെ കാശ് തിരികെ നല്‍കാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.


കേരളത്തില്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ് അരി അനുവദിച്ചത്. 89540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

കേന്ദ്രം നല്‍കുന്ന ഭക്ഷ്യസബ്സിഡിയില്‍ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. കേന്ദ്ര സര്‍ക്കാരില്‍ പലവിധത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പണം നല്‍കാതെ പറ്റില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു.

Related News