അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വെറും അഞ്ച് ഏത്തമിടൽ; വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധം

  • 25/11/2022

ബിഹാര്‍: ബിഹാറില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് പഞ്ചായത്ത് വിധിച്ച ശിക്ഷ വെറും അഞ്ചു തവണ ഏത്തമിടല്‍. നവാദ ജില്ലയിലാണ് സംഭവം. ശിക്ഷയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ചോക്കലേറ്റ് നല്‍കാമെന്ന് വാഗ്ദാനം നൽകി അഞ്ചുവയസുകാരിയെ പ്രതി തന്റെ കോഴിഫാമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാളെ നാട്ടുകാർ നാട്ടുകൂട്ടത്തിന് മുന്നിൽ ഹാജരാക്കി. ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പഞ്ചായത്ത് വിധിച്ചത്. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുക മാത്രമാണ് ഇയാൾ ചെയ്തതെന്നും അതുകൊണ്ടുതന്നെ ഏത്തമിട്ടാൽ മതിയെന്നും നാട്ടുകൂട്ടം ശിക്ഷ വിധിച്ചു. 

വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗള പറഞ്ഞു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

 

Related News