ഓസ്ട്രേലിയന്‍ യുവതിയെ ഇന്ത്യന്‍ നഴ്സ് കൊലപ്പെടുത്തിയ കേസ്; പ്രകോപനമായത് വളർത്തുനായയുടെ കുര, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • 26/11/2022

ഡല്‍ഹി: ഓസ്ട്രേലിയന്‍ യുവതിയെ ഇന്ത്യൻ നഴ്സ് കൊലപ്പെടുത്തിയത് വളര്‍ത്തുനായ കുരച്ച് ചാടിയത് കാരണമെന്ന് പോലീസ്. കേസില്‍ ഡല്‍പി പൊലീസാണ് കഴിഞ്ഞ ദിവസം രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പോലീസ്. 

 2018 ഒക്ടോബറിലാണ് ക്വീൻസ് ലാൻഡിന് സമീപത്തെ വാങ്കെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്‌ലി (24) എന്ന യുവതിയ ഇയാൾ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പോലീസാണ് ഇനാം പ്രഖ്യാപിച്ചത്.  

ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ക്യൂൻസ് ലാന്റിലെ വാങ്കെറ്റി ബീച്ചിൽ എത്തിയതായിരുന്നു രജ്വിന്ദർ സിങ്. പഴങ്ങളും അവ മുറിക്കാനുള്ള കത്തിയും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഈ സമയത്താണ് ഫാർമസി ജീവനക്കാരിയായ ടോയ വളര്‍ത്തു നായയോടൊപ്പം നടക്കാനിറങ്ങിയത്. രജ്‍വിന്ദറിനെ കണ്ടതോടെ നായ ഇയാളുടെ നേര്‍ക്ക് കുരച്ച് ചാടി. തുടര്‍ന്ന് രജ്വിന്ദറും ടോയയും തമ്മിൽ വാക്കു തർക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ ടോയയെ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവതി മരിച്ചതോടെ ഇയാൾ മൃതദേഹം മണലിൽ കുഴിച്ചിട്ടു. നായയെ മരത്തിൽ കെട്ടിയിടുകയും ചെയ്തു. സംഭവം പുറത്തറിയും മുമ്പ് ഇയാൾ ഓസ്ട്രേലിയയിൽ നിന്ന്  രക്ഷപ്പെടുകയും ചെയ്തു.
 
രാജ്‌വീന്ദറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നവംബർ 21 ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സിബിഐയും ഓസ്‌ട്രേലിയൻ അന്വേഷണ സംഘവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ജിടി കർണാൽ റോഡിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.

 

Related News