കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വ്യാപകം: വിമർശനവുമായി അമിത് ഷാ

  • 26/11/2022

ദില്ലി: കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വ്യാപകമായിരുന്നുവെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം അവയ്ക്കെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.


2008 നവംബര്‍ 26-ലെ (26/11) മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു ആക്രമണം അസാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് 26/11 ആക്രമണത്തിന്റെ വാര്‍ഷികമാണ്. 2008ല്‍ ഈ ദിവസം പാക് ഭീകരര്‍ മുംബൈയില്‍ 164 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ഞാന്‍ എന്റെ എളിയ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ഇത്തരം ആക്രമണങ്ങള്‍ വ്യാപകമായിരുന്നുവെങ്കിലും, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനാല്‍ ഇന്ന് 26/11 തരത്തിലുള്ള ഭീകരാക്രമണം നടത്താന്‍ കഴിയില്ല. അമിത് ഷാ പറഞ്ഞു.

സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും 2004 മുതല്‍ 2014 വരെ പത്ത് വര്‍ഷക്കാലം അധികാരത്തിലായിരുന്നു. അവരുടെ ഭരണകാലത്ത് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇന്ത്യയിലേക്ക് ഇടയ്ക്കിടെ കടന്നുകയറുകയും നമ്മുടെ സൈനികരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസ് ഒരിക്കലും മറുത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ട്? അവരുടെ വോട്ട് ബാങ്ക് കാരണം, കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഭീകരര്‍ക്കെതിരെ സര്‍ജിക്കല്‍, വ്യോമാക്രമണം നടത്തി ശക്തമായ സന്ദേശമാണ് മോദി ലോകത്തിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Related News