അമിത്ഷായുടെ വിവാദ പരാമർശത്തിനെതിരെ യ്യെച്ചൂരി; വിദ്വേഷം വളർത്താൻ ലക്ഷ്യം

  • 26/11/2022

ദില്ലി: 2002 ല്‍ ഗുജറാത്തിലെ കലാപകാരികളെ പാഠം പഠിപ്പിച്ച്‌ ബിജെപി സമാധാനം സ്ഥാപിച്ചു എന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അമിത് ഷായുടെ പരാമര്‍ശം അപലപനീയമെന്ന് യെച്ചൂരി പറഞ്ഞു.


ഗുജറാത്തിലെ കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് അമിത് ഷായുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം വളര്‍ത്താന്‍ ആണ് ഇതിലൂടെ ബിജെപിയും അമിത് ഷായും ലക്ഷ്യമിടുന്നത്. ക്രൂരമായ അക്രമത്തിന്റെ വംശഹത്യ പ്രചാരണത്തിലൂടെ പാഠം പഠിപ്പിക്കുകയല്ല സര്‍ക്കാരിന്‍റെ ജോലി. ഇത്രയും ഗുരുതര പരാമര്‍ശം അമിത് ഷാ നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പതിവു പോലെ കാഴ്ചക്കാരാണെന്നും 2002 ല്‍ ഗുജറാത്തില്‍ നടന്നത് സംസ്ഥാനത്തെയും ഇന്ത്യയെയും വേദനിപ്പിക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിലും ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടത്തിയ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ 2002 ലെ ഗുജറാത്ത് കലാപത്തെ അമിത് ഷാ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ കലാപത്തിന് പിന്നാലെ സംസ്ഥാനത്തെ അക്രമികളെ അടിച്ചമര്‍ത്തിയെന്നും സമാധാനം കൊണ്ടുവന്നെന്നുമാണ് അമിത് ഷാ പ്രസംഗിച്ചത്. 

Related News