മൂന്നുമാസം പ്രായമുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയില്‍

  • 26/11/2022

തിരുപ്പതി: ആന്ധ്രപ്രദേശില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. കേസില്‍ പിതാവിനെ കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിയായ അനിലിനെയാണ് പോലീസ് പിടികൂടിയത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം.

കുഞ്ഞ് കരഞ്ഞതിന്‍റെ പേരില്‍ അനിലും ഭാര്യ സ്വാതിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് മൂന്നുമാസം പ്രായമുള്ള മകന്‍ നിഖിലിനെ ഇയാള്‍ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നിലത്ത് തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നാലുദിവസം മുമ്പാണ് കുഞ്ഞിന് പനിപിടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്നാണ് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞത്. കരച്ചില്‍ തുടര്‍ന്നതോടെ പ്രകോപിതനായ അനില്‍ ഭാര്യയോട് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും അനില്‍ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞെന്നുമാണ് നാട്ടുകാരുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും.

Related News