ഗുണനപ്പട്ടിക ചൊല്ലാത്തതിന് വിദ്യാര്‍ഥിക്കു നേരെ അധ്യാപകന്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചു, കുട്ടിക്ക് പരിക്ക്

  • 27/11/2022

ലഖ്‌നൗ: ഗുണനപ്പട്ടിക ചൊല്ലാത്തതിന്‍റെ പേരില്‍ വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ ക്രൂരമായ ശിക്ഷ. ഉത്തര്‍പ്രദേശിലാണ് സംഭവം. വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചു. തുടര്‍ന്ന് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ കൈയ്ക്ക് സാരമായ പരിക്കേറ്റു. ആരോപണവിധേയനായ അധ്യാപകന്‍ അനൂജ് പാണ്ഡെയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍‌ഡ് ചെയ്തു.

കാണ്‍പുരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. സ്‌കൂള്‍ ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കാനായാണ് അനൂജ് പാണ്ഡെയെ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ചത്. ലൈബ്രറിയില്‍ നില്‍ക്കുന്നതിനിടെ അതുവഴി കടന്നുപോയ വിദ്യാര്‍ഥിയെ ഇയാള്‍ സമീപത്തേക്ക് വിളിച്ചു. കുട്ടിയോട് ഗുണനപ്പട്ടിക ചൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. 

പട്ടിക ചൊല്ലാതിരുന്നതോടെ ഇയാള്‍ ഇയാള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡ്രില്ലിങ് മെഷീന്‍ എടുത്തു. അവിടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി മെഷീന്റെ പ്ലഗ് വലിച്ചൂരിയെങ്കിലും അതിനുമുമ്പ് തന്നെ വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റിരുന്നു. കുട്ടിയെ പേടിപ്പിക്കാന്‍ വേണ്ടി ഡ്രില്ലിങ് മെഷീന്‍ കയ്യിലെടുത്തതാണെന്നും അബദ്ധത്തില്‍ സ്വിച്ച് അമര്‍ന്ന് മെഷീന്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു എന്നുമാണ് അധ്യാപകന്‍ പറയുന്നത്. 

കുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം അധ്യാപകര്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്കയച്ചു. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇവര്‍ അടുത്ത ദിവസംസ്‌കൂളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.

Related News