ഗുജറാത്ത് തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

  • 28/11/2022

ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാർട്ടിയുടെ പ്രഭവ കേന്ദ്രമായ സൂറത്തിലും, പാരമ്പരാഗതമായി കോൺഗ്രസിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി മുൻമന്ത്രി ജയ് നാരായണൻ വ്യാസ് കോൺഗ്രസ്സിൽ ചേർന്നത് ബിജെപിക്ക് തിരിച്ചടിയായി.

മോർബി, സൂറത്ത്, ഗിർ സോമനാഥ്, കച്ച്,രാജ്‌കോട്ട്, ജാംനഗർ, പോർബന്തർ എന്നീ മേഖലകളിലാണ് ആദ്യഘട്ട വൊട്ടെടുപ്പ് നടക്കുന്നത്. പ്രചരണത്തിൽ മോർബി പാലം ദുരന്തം കോൺഗ്രസും ആം ആദ്മി പാർട്ടിയും ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. 54 സീറ്റുകളുള്ള സൗരാഷ്ട്ര, കച്ച് മേഖലകളിൽ 30 സീറ്റ് നേടി കഴിഞ്ഞ തവണ മുൻ തൂക്കം നേടിയത് കോൺഗ്രസ് ആണ്. പാട്ടീദാർ പ്രക്ഷോഭത്തിന്റെ അനൂകൂല്യം ഇത്തവണ ഇല്ലെങ്കിലും, ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റ പിന്തുണക്കു കാര്യമായ ഇളക്കം തട്ടിയിട്ടില്ല. പാട്ടീദാർ സമുദായത്തിൽ നിന്ന് കൂടുതൽ സ്ഥാനാർഥികളെ നിയോഗിച്ച ആം ആദ്മി പാർട്ടി ഇത്തവണ പാട്ടീദാർ വോട്ടുകളുടെ വിഭജനം സങ്കീർണ്ണമാക്കിയിട്ടുണ്ട്.

ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർഥികൾ എല്ലാം മത്സരിക്കുന്നത് ആദ്യഘട്ടത്തിലാണ്. പാർട്ടിയുടെ പ്രഭവകേന്ദ്രമായ സൂറത്തിൽ ഏഴ് മുതൽ എട്ട് സീറ്റുകൾ വരെ നേടുമെന്ന ആത്മവിശ്വാസം ആം ആദ്മി പാർട്ടിക്കുണ്ട്. മറ്റു മേഖലകളിൽ ആം ആദ്മി ചോർത്തുന്ന വോട്ടുകളാകും നിർണായകമാകുക. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുൻ എംഎൽഎ ജയ് നാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നത് ബിജെപി യ്ക്ക് കനത്ത തിരിച്ചടിയായി.

Related News