മാറ്റം അനിവാര്യം: ഗുജറാത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തുമെന്ന് ജിഗ്നേഷ് മേവാനി

  • 29/11/2022

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ 182 നിയമസഭാ സീറ്റുകളില്‍ 120 സീറ്റും കോണ്‍ഗ്രസ് നേടുമെന്ന് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഒരു മാറ്റം അനിവാര്യമയിരിക്കുന്നു. സര്‍ക്കാറിനെതിരെ നിശബ്ദമായൊരു തരംഗം ആഞ്ഞടിക്കും.


തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തിനും വിലക്കയറ്റത്തിനും എതിരെ വിധിയെഴുതും. തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വഡ്ഗാമില്‍ നിന്ന് രണ്ടാം തവണയാണ് ജിഗ്നേഷ് ജനവിധി തേടുന്നത്. നേരത്തെ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മേവാനി മത്സരിച്ചത്. ഇത്തവണ കോണ്‍ഗ്രസ് സീറ്റില്‍ തന്നെയാണ് അദ്ദേഹം മത്സരിക്കുന്നത്.

അതേസമയം, ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 89 മണ്ഡലങ്ങളില്‍ മറ്റന്നാള്‍ ജനം വിധിയെഴുതും. സൗരാഷ്ട്ര കച്ച്‌ മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് മറ്റന്നാള്‍ ജനവിധിയെഴുതുക. പട്ടേല്‍ സമരകാലത്ത് കോണ്‍ഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

Related News