കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയമല്ല: പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരി വച്ച്‌ കര്‍ണാടക ഹൈക്കോടതി

  • 30/11/2022

ബെംഗലൂരു: പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരി വച്ച്‌ കര്‍ണാടക ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസിര്‍ പാഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് വാദം.


കര്‍ണാടക സൊസൈറ്റി ആക്‌ട് അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സമൂഹത്തിലെ അധസ്ഥിത വര്‍ഗ്ഗത്തിന് വേണ്ടി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചു. നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇത് അംഗീകരിച്ച്‌ കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഹര്‍ജി തള്ളിയത്.

പോപ്പുലര്‍ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച്‌ സെപ്റ്റംബര്‍ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടര്‍നടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും.

Related News