മുംബൈയിലെ ധാരാവി പുനര്‍വികസിപ്പിക്കാനൊരുങ്ങി ഗൗതം അദാനി; ആകെ സമയപരിധി ഏഴ് വർഷം

  • 30/11/2022

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവി പുനര്‍വികസിപ്പിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പ്. 259 ഹെക്ടറിന്റെ ധാരാവി പുനര്‍വികസന പദ്ധതിയോടനുബന്ധിച്ച്‌ നടന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് അദാനി ഗ്രൂപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.


ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഎല്‍എഫ് കമ്ബനി ലേലത്തില്‍ മുന്നോട്ടുവച്ച 2,025 കോടി രൂപ മറികടന്ന് 5,069 കോടി രൂപയ്ക്കാണ് അദാനി ഗ്രൂപ്പ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രോജക്ടിന്റെ സി ഇ ഒയായ എസ് വി ആര്‍ ശ്രീനിവാസ് പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിക്കായി പദ്ധതി വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.

ലേലത്തിന് മുന്നോടിയായി ഒക്ടോബറില്‍ നടന്ന യോഗത്തില്‍ ദക്ഷിണ കൊറിയ, യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അദാനി ഗ്രൂപ്പ്, ഡിഎല്‍എഫ്, നമന്‍ ഗ്രൂപ്പ് എന്നിവര്‍ മാത്രമായിരുന്നു പദ്ധതിയ്ക്കായി ലേലം വിളിച്ചത്. 2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന 6.5 ലക്ഷം ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് ഏഴ് വര്‍ഷമാണ് പദ്ധതിയുടെ ആകെ സമയപരിധി. പുനരധിവാസം, പുതുക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പദ്ധതിയുടെ കീഴില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍.

Related News