മോദിയുടെ നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കും: ജയറാം രമേശ്‌

  • 01/12/2022

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങള്‍ സാമ്ബത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് ആരോപണം. ഇത്തരം നയങ്ങള്‍ ഭാവിയില്‍ രാജ്യത്തെ തകര്‍ക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.


ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍, പബ്ലിസിറ്റി, മീഡിയ വിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രിയുടെ ഉദ്ദേശ്യങ്ങളും നയങ്ങളും കാരണം രാജ്യം ശിഥിലമാകാനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയ ഏകാധിപത്യം വര്‍ധിച്ചു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 24 ന് യാത്ര ഡല്‍ഹിയില്‍ എത്തുമെന്നും അവിടെ അഞ്ച് ദിവസത്തെ ഇടവേള എടുക്കുമെന്നും രമേശ് പറഞ്ഞു. യാത്രയ്‌ക്കൊപ്പം ഓടുന്ന വാഹനങ്ങളും കണ്ടെയ്‌നറുകളും മുന്നോട്ടുള്ള യാത്രയ്ക്ക് സര്‍വീസ് ചെയ്യേണ്ടതിനാല്‍ ഇടവേള അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും ജയറാം രമേശ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര മന്ത്രിയാകാനും ബംഗ്ലാവ് സംരക്ഷിക്കാനുമാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.

Related News