സുഹൃത്തുക്കളോട് പന്തയം വെച്ച് വിവാഹവേദിയിൽ വധുവിനെ ചുംബിച്ചു; വിവാഹം വേണ്ടെന്ന് വെച്ച് വധു

  • 01/12/2022

ഉത്തര്‍പ്രദേശ്: വിവാഹ ചടങ്ങിനിടെ വരന്‍ ചുംബിച്ചതിനെ തുടര്‍ന്ന് ഇരുപത്തിമൂന്നുകാരി വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലാണ് സംഭവം. ഇരുവരും പരസ്പരം വരണമാല്യം ചാര്‍ത്തിയതിന് പിന്നാലെയായിരുന്നു ചുംബനം. വിവേക് അഗ്നിഹോത്രി എന്ന യുവാവാണ് വധുവിനെ ചുംബിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 23കാരിയായ വധു ബിരുദധാരിയാണ്. ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കു മുമ്പില്‍ വെച്ചാണ് വരൻ വധുവിനെ ചുംബിച്ചത്. ഇതിൽ കുപിതയായ വധു പോലീസിനെ വിളിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയുമായിരുന്നു. സുഹൃത്തുക്കളോട് പന്തയം വെച്ചാണ് വരന്‍ തന്നെ ചടങ്ങിനിടെ ചുംബിച്ചതെന്നും യുവാവിന്റെ സ്വഭാവത്തെക്കുറിച്ച് തനിക്കിപ്പോള്‍ സംശയമുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.  

 പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. വേദിയിലായിരുന്ന സമയത്ത് വരന്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചതായും ആദ്യം താനത് അവഗണിച്ചെങ്കിലും ചുംബിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍ വരന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. 

താനും വധുവും തമ്മില്‍ ഒരു ബെറ്റ് വെച്ചിരുന്നുവെന്ന് വരന്‍ പറഞ്ഞു. വേദിയില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ ചുംബിച്ചാല്‍ 1500 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. വരന്‍ ഈ ബെറ്റില്‍ പരാജയപ്പെട്ടാല്‍ വധുവിന് 3000 രൂപ നല്‍കണം. എന്നാല്‍ പോലീസ് വധുവിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ യുവതി അത് നിഷേധിച്ചു.

വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വേണമെങ്കില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥനും പറഞ്ഞു. വരന്റെ പ്രവൃത്തി ഞെട്ടലുണ്ടാക്കിയതായും അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയതായും യുവതി കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന്റെ ചടങ്ങുകളെല്ലാം പൂര്‍ത്തിയായെങ്കിലും വിവേക് അഗ്നിഹോത്രിയെ സ്വീകരിക്കാന്‍ യുവതി തയ്യാറല്ലെന്നും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകുമോയെന്ന് നോക്കുമെന്നും ബഹ്‌ജോയ് സ്‌റ്റേഷന്‍ ചുമതലയുള്ള പങ്കജ് ലവാനിയ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Related News