സര്‍ക്കാര്‍ പരിപാടികളില്‍ സസ്യേതര ഭക്ഷണം നിരോധിക്കണം: ബിജെപി എംപിയുടെ സ്വകാര്യ ബില്‍ പട്ടികയിൽ ഉൾപെടുത്തി

  • 01/12/2022

ദില്ലി: സര്‍ക്കാര്‍ പരിപാടികളില്‍ സസ്യേതര ഭക്ഷണം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയുടെ സ്വകാര്യ ബില്‍. ദില്ലിയിലെ ബിജെപി എംപി പര്‍വേശ് സാഹിബ് സിങ്ങാണ് ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുക. എംപിയുടെ സ്വകാര്യബില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. സസ്യേതര ഭക്ഷണം സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ നടപടി സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിന് പര്‍വേശ് നോട്ടീസ് നല്കിയത്.


കാലാവസ്ഥവ്യതിയാനം തടയാനുള്ള നടപടിയുടെ ഭാഗമായി ഇതിനെ കാണണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കൂടുതലായതിനാല്‍ എല്ലാ സര്‍ക്കാര്‍ പരിപാടികളിലും സസ്യേതര ഭക്ഷണം ഒഴിവാക്കണമെന്നാണ് എംപിയുടെ ആവശ്യം. കാലാവസ്ഥയിലും ആഗോളതാപനത്തിലും വലിയ സ്വാധീനം ചെലുത്തുന്നതിനാല്‍ സര്‍ക്കാര്‍ യോഗങ്ങളിലും ചടങ്ങുകളിലും സസ്യേതര ഭക്ഷണം നിരോധിക്കാന്‍ ജര്‍മ്മനിയുടെ പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സാധാരണ ജനങ്ങള്‍ക്ക് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം നിരോധിക്കാന്‍ ബില്‍ ആവശ്യപ്പെടുന്നില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലും മറ്റൊരു ബിജെപി എംപി അവതരിപ്പിക്കും. സ്വകാര്യമേഖലയിലെ കൈക്കൂലി തടയാനുള്ള ബില്‍ ബിജെപി എംപിയായ രമാദേവി അവതരിപ്പിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം 100 ദിവസം തൊഴില്‍ എന്നതിന് പകരം 150 തൊഴില്‍ ദിനങ്ങളാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രനും വികെ ശ്രീകണ്ഠനും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഡിസംബര്‍ ഏഴിനാണ് ശീതകാല സമ്മേളനം ആരംഭിക്കുക.

Related News