രാമ ഭക്തരുടെ നാട്ടില്‍ ഒരാളെ രാവണന്‍ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല: ഖര്‍ഗെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മോദി

  • 01/12/2022

ദില്ലി: തന്നെ രാവണന്‍ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമ ഭക്തരുടെ നാട്ടില്‍ ഒരാളെ രാവണന്‍ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും ഗുജറാത്തില്‍ കാലോലില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞു. തന്നെ ചീത്ത വിളിക്കുന്നതില്‍ കോണ്‍ഗ്രസില്‍ മത്സരമുണ്ടെന്ന് തോന്നുന്നു. ഒരു കുടുംബത്തെ സുഖിപ്പിക്കാനാണ് നേതാക്കള്‍ ഇങ്ങനെ ചെയ്യുന്നത്. ആ കുടുംബത്തിലാണ് അവര്‍ക്ക് വിശ്വാസം, മറിച്ച്‌ ജനാധിപത്യത്തിലല്ലെന്നും മോദി പരിഹസിച്ചു. ഗുജറാത്തികള്‍ രാമഭക്തരാണെന്ന് കോണ്‍ഗ്രസ് മറക്കരുതെന്നും മോദി പറഞ്ഞു.


കുറച്ചുനാളുകള്‍ക്ക് മുമ്ബ് ഒരു കോണ്‍ഗ്രസ് നേതാവ് മോദിക്ക് പട്ടിയുടെ മരണമെന്ന് പറഞ്ഞു. മറ്റൊരാള്‍ ഹിറ്റ്ലറിനെ പോലെ മോദി മരിക്കുമെന്ന്. അവസരം ലഭിച്ചാല്‍ താന്‍ തന്നെ മോദിയെ കൊല്ലുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. മറ്റു ചിലര്‍ രാവണനെന്നും രാക്ഷസനെന്നും കൂറയെന്നും വിളിക്കുന്നു. കോണ്‍ഗ്രസ് മോദിയെ ഈ പേരുകളില്‍ വിളിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. അവര്‍ക്ക് അതില്‍ പശ്ചാത്താപവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നത് അവകാശമായാണ് കോണ്‍ഗ്രസ് കാണുന്നത്.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു ഖര്‍ഗെയുടെ വിവാദ പരാമര്‍ശം. മോദിജി പ്രധാനമന്ത്രിയാണ്. അത് മറന്ന് എല്ലാ തെരഞ്ഞെടുപ്പ് പ്രചരണത്തിനും രംഗത്തിറങ്ങുകയാണ്. ദിവസം എത്രതവണ മോദിയുടെ മുഖം കാണണം,രാവണനെപ്പോലെ മോദിക്ക് പത്ത് തലയുണ്ടോ എന്നായിരുന്നു ഖര്‍ഗെയുടെ ചോദ്യം. ഇതിനാണ് മോദി ഇന്ന് മറുപടി നല്‍കിയത്.

Related News