കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂരില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

  • 03/12/2022

കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂരില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഡിസംബര്‍ 13 മുതല്‍ 16 വരെ നടക്കുന്ന സമ്മേളനത്തില്‍ എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. 16ന്‌ വൈകിട്ട്‌ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. യോജിക്കാവുന്ന മുഴുവന്‍ കര്‍ഷക സംഘടനകളേയും തൊഴിലാളി സംഘടനകളേയും അണിനിരത്തി കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് കിസാന്‍സഭാ ജോയിന്റ്‌ സെക്രട്ടറി ഡോക്ടര്‍ വിജു കൃഷ്‌ണന്‍ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂര്‍ വേദിയാകുന്നത്. 1961ല്‍ എകെജി അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴായിരുന്നു സമ്മേളനം. വീണ്ടും അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂര്‍ വേദിയാകുമ്ബോള്‍ വിപുലമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്‍റേത് കര്‍ഷക ദ്രോഹ നയമാണെന്നും ഇതിനെതിരെ യോജിക്കാവുന്ന സംഘടനകളുമായി ചേര്‍ന്നുള്ള വിപുലമായ പ്രക്ഷോഭത്തിന് സമ്മേളനം രൂപം നല്‍കുമെന്നും അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഡോക്ടര്‍ വിജുകൃഷ്ണന്‍ പറഞ്ഞു.

ഡിസംബര്‍ 13 മുതല്‍ 16 വരെയാണ്‌ കിസാന്‍ സഭയുടെ അഖിലേന്ത്യാസമ്മേളനം തൃശൂര്‍ നടക്കുന്നത്. 13 ന്‌ പുഴയ്‌ക്കല്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലെ കെ വരദരാജന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. 16ന്‌ വൈകിട്ട്‌ തേക്കിന്‍കാട് മൈതാനിയിലെ കോടിയേരി ബാലകൃഷ്‌ണന്‍ നഗറില്‍ ഒരു ലക്ഷംപേരുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

ഫ്രാന്‍സിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ ക്രിസ്‌റ്റ്യന്‍ അലിയാമി, മരിയ ഡി റോച്ച എന്നിവരും സൗഹാര്‍ദ പ്രതിനിധികളുമടക്കം 800 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദീപശിഖാ റാലി തെലങ്കാന, തമിഴ്നാട്ടിലെ കീഴ് വെണ്‍മണി എന്നിവിടങ്ങളില്‍ നിന്നാണ് പ്രയാണം തുടങ്ങുക. പതാക ജാഥ പുന്നപ്ര-വയലാറില്‍ നിന്നും കൊടിമരജാഥ കാസര്‍കോട്‌ കയ്യൂരില്‍ നിന്നും തുടങ്ങും. 12ന്‌ വൈകിട്ട്‌ ജാഥകള്‍ സംഗമിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.


Related News