'അമ്മ അച്ഛന്റെ മുഖത്ത് അമ‍ര്‍ത്തി പിടിക്കുന്നത് കണ്ടു'; പതിമൂന്നുകാരിയായ മകളുടെ മൊഴി നിര്‍ണായകമായി, ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നഴ്സും സുഹൃത്തും അറസ്റ്റില്‍

  • 04/12/2022

ഗാസിയാബാദ്: ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ നഴ്സുായ ഭാര്യയും ഇവരുടെ സുഹൃത്തും അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡ ബദല്‍പുര്‍ സ്വദേശി മഹേഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കവിത(30) ഇവരുടെ സുഹൃത്തായ വിനയ് ശര്‍മ(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

എട്ട് വയസ്സുള്ള മകനും 13 വയസ്സുള്ള മകളുമാണ് ഇവ‍ര്‍ക്കുള്ളത്. അമ്മ അച്ഛന്റെ മുഖത്ത് അമ‍ര്‍ത്തി പിടിക്കുന്നത് കണ്ടെന്ന പതിമൂന്നുകാരിയായ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നഴ്സായ കവിതയെ പോലീസ് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും. കൊലപാതകം നടത്തിയ ശേഷം സംഭവം ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചത്.

മകളുടെ മൊഴിയില്‍ കവിതയെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കാവിനഗറിലെ ആശുപത്രിയില്‍ നഴ്സാണ് കവിത. ഇതേ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് വിനയ്. നവംബര്‍ 30-ാം തീയതി രാത്രിയാണ് കവിത താന്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ ഭര്‍ത്താവിനെ എത്തിച്ചത്. വീട്ടിലെ സീലിങ് ഫാനില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചെന്നായിരുന്നു കവിത ഡോക്ടര്‍മാരോട് പറഞ്ഞത്. 

തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഈ വിവരം പോലീസില്‍ അറിയിച്ചു. പിറ്റേദിവസം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കാന്‍ പോലീസ് തീരുമാനിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മഹേഷ് മരിച്ചതെന്ന് കണ്ടെത്തി. ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ വിനയ് ശർമയുമായി കവിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. വിനയുമായി കവിത മഹേഷിനെ കൊല്ലാൻ പദ്ധതിയിട്ട ചാറ്റും കണ്ടെത്തി. 

ചോദ്യം ചെയ്യലില്‍ ഒടുവിൽ കവിത കുറ്റസമ്മതം നടത്തുകയായിരുന്നു. വ‍ര്‍ഷങ്ങളായി വിനയുമായുള്ള ബന്ധം മഹേഷ് അറിയുകയും തന്നെ മദ്യപിച്ചെത്തി മ‍ര്‍ദ്ദിക്കുന്നത് പതിവാവുകയും ചെയ്തതായി അവ‍ര്‍ പറഞ്ഞു. ഒരു ദിവസം വഴക്കുണ്ടായപ്പോൾ മരിക്കുന്നതുവരെ തലയണ മുഖത്ത് അമ‍ര്‍ത്തി പിടിക്കുകയായിരുന്നു എന്നും കവിത വെളിപ്പെടുത്തി. ഇരുവരെയും റിമാൻഡ് ചെയ്തു.

Related News