അനാവശ്യമായി ഭരണത്തിൽ ഇടപെടുന്നു: ഗവർണർ പദവി എടുത്ത് കളയണമെന്ന് ഡി രാജ

  • 05/12/2022

ദില്ലി: ഗവര്‍ണര്‍ പദവി എടുത്ത് കളയണമെന്ന് ആവശ്യവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവര്‍ണര്‍മാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ഡി രാജ വിമര്‍ശിച്ചു.


ഈ അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണെന്നും 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഐ എക്സിക്യൂട്ടിവില്‍ ഗവര്‍ണര്‍മാരുടെ ഭരണഘടന വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

ബിജെപിക്കെതിരെ വലിയ ജനവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും ഗുജറാത്തിലും ഹിമാചലിലും ദില്ലിയിലും ബിജെപി പരാജയപ്പെടുമെന്നും ഡി രാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി വിളിച്ച ജി 20 യോഗത്തില്‍ സിപിഐ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജി 20 അധ്യക്ഷ പദവി ഇന്ത്യക്ക് ലഭിച്ചത് ഊഴം അനുസരിച്ചാണ്.

എന്നാല്‍ ബിജെപിയും ആര്‍എസ്‍എസും മോദിയുടെ നേട്ടമായി ഇനിനെ അവതരിപ്പിക്കുന്നു. സംസ്ഥാനങളിലെ ഭരണ കാര്യങ്ങളില്‍ ഗവര്‍ണമാര്‍ അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ഡി രാജ വിമര്‍ശിച്ചു.

Related News