ഭാരത് ജോഡോ യാത്രയ്ക്കിടെ 'മോദി' വിളി; ഫ്ളൈയിങ് കിസ്സിലൂടെ പ്രതികരിച്ച് രാഹുൽ ഗാന്ധി

  • 05/12/2022

ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ കടന്നു പോവുകയാണ്. രാഹുലിന്‍റെ യാത്രക്കിടെയുണ്ടാകുന്ന രസകരമായ പല സംഭവങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ജോഡോ യാത്രക്കിടെ ഒരു കൂട്ടം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് വിളിക്കുന്നതും അത് കേട്ട് രാഹുല്‍ ഗാന്ധി 'ഫ്ലൈയിംഗ് കിസിലൂടെ' മറുപടി നല്‍കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അഗര്‍ മാല്‍വ ജില്ലയിലൂടെ കടന്നുപോകുമ്ബോളാണ് സംഭവം. യാത്ര കാണാനായി റോഡിന് ഇരുവശത്തും കാത്തു നിന്നവരില്‍ ചിലരാണ് മോദി സ്തുതികള്‍ മുഴക്കിയത്. മോദി.. മോദി.. എന്ന് ആര്‍ത്തുവിളിച്ച ആള്‍ക്കൂട്ടത്തിന് നേരെ ഫ്ലയിംഗ് കിസ് നല്‍കിയാണ് രാബുല്‍ മറുപടി നല്‍കിയത്. മോദി-മോദി മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തിന് നേരെ രാഹുല്‍ ഗാന്ധി ആദ്യം കൈ വീശി കാണിച്ചു. തുടര്‍ന്ന് പിന്നാലെ ഫ്ലയിംഗ് കിസ്സുകള്‍ നല്‍കി.

നരേന്ദ്ര മോദിയുടെ പേര് വിളിച്ചവര്‍ക്ക് നേരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി ഇവരെ അനുനയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. അവിരാള്‍ സിംഗ് എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യാത്ര മധ്യപ്രദേശില്‍ നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചില്‍ ഗാന്ധിക്കൊപ്പമുണ്ട്.

Related News