വയോധികയെ കൊലപ്പെടുത്തി അലമാരയില്‍ ഒളിപ്പിച്ചു; വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന യുവതി ഒളിവില്‍

  • 06/12/2022

ബെംഗളൂരു: വയോധികയെ കൊലപ്പെടുത്തി അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിന് സമീപം ആനെകല്ലില്‍ ആണ് സംഭവം. അത്തിബെലെ നെരലുരു സ്വദേശി പര്‍വതമ്മ (80) ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ പര്‍വതമ്മയുടെ വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന പായല്‍ ഖാന്‍ (26) എന്ന യുവതി ഒളിവില്‍ പോയിരിക്കുകയാണ്. യുവതിയാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വയോധിക അണിഞ്ഞിരുന്നന്ന ആഭരണങ്ങള്‍ തട്ടിയെടുക്കാനാണ് കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. വയോധികയുടെ 80 ഗ്രാം ആഭരണങ്ങള്‍ കാണാതായിട്ടുണ്ട്. 

വെള്ളിയാഴ്ച വൈകീട്ട് മുറുക്കാന്‍ വാങ്ങാനെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞ് പുറത്തേക്ക് പോയ വയോധിക പിന്നീട് തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ശനിയാഴ്ച മകന്‍ രമേഷ് പര്‍വതമ്മയെ കാണാതായതായി പോലീസില്‍ പരാതി നല്‍കി. മുകളിലത്തെ നിലയില്‍ താമസിക്കുന്ന യുവതിതന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് പര്‍വതമ്മ നേരത്തേ പറഞ്ഞകാര്യം വീട്ടുകാര്‍ക്ക് ഇതിനിടെ ഓര്‍മവന്നു. 

തുടര്‍ന്ന് മുകളിലത്തെ മുറി പരിശോധിക്കാനെത്തി. എന്നാല്‍ പൂട്ടിയ നിലയിലായിരുന്നു. ഞായറാഴ്ചയും മുറി അടച്ചിട്ടനിലയില്‍ കണ്ടതോടെ സംശയം തോന്നിയ രമേഷ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയായ യുവതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Related News