നോട്ട് നിരോധനം സംബന്ധിച്ച രേഖകൾ ഹാജരാക്കണം: കേന്ദ്രത്തോടും ആർ ബി ഐയോടും സുപ്രീംകോടതി

  • 07/12/2022

നോട്ട് നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016ലെ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദ്ദേശം. 1000, 500 നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്ബോള്‍ ബുധനാഴ്ചയാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.


കേന്ദ്രസര്‍ക്കാരിനെതിരായ ഹര്‍ജിയില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് കോടതി താമസിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസ് എസ് എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആര്‍ബിഐ അഭിഭാഷകനായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ഹര്‍ജിക്കാരെ പ്രതിനിധികരിച്ച്‌ മുതിര്‍ന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാന്‍ എന്നിവരുടെ വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി കേന്ദ്രത്തോട് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാദങ്ങള്‍ കേട്ടു രേഖകള്‍ പരിശോധിക്കുന്നത് വരെ വിധി നീട്ടിവച്ചിരിക്കുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. ഡിസംബര്‍ 10ന് അകം രേഖകശ്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഭക്ഷ്യ ധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൌരന് വരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് ചൊവ്വാഴ്ചയാണ്. മുന്നറിയിപ്പില്ലാതെയുള്ള ലോക്ഡൌണും കൊവിഡ് മഹാമാരി കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്ന ക്ലേശം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു ഈ നിര്‍ദ്ദേശം.

Related News