വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം തട്ടി; പ്രമുഖ യൂട്യൂബർ അറസ്റ്റില്‍

  • 07/12/2022

ഗുരുഗ്രാം: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം തട്ടിയെടുത്ത കേസില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ യൂട്യൂബർ താരം അറസ്റ്റില്‍. നംറ ഖാദിര്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഗുരുഗ്രാം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭര്‍ത്താവ് വിരാട് ബെനിവാളിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. 

21കാരനായ വ്യവസായിയില്‍ നിന്നാണ് പണം തട്ടിയെടുത്തത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങളാണ് ദമ്പതികള്‍. യുവതിയെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നംറ ഖാദിറിന് യൂട്യൂബില്‍ ആറ് ലക്ഷം ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുണ്ട്. ഗുഡ്ഗാവിലാണ് ഇരുവരുടെ താമസം.  

പരസ്യ ഏജൻസി നടത്തുന്ന ‌യുവാവാണ് തട്ടിപ്പിനിരയായത്. വ്യാജ ബലാത്സംഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്. ഓഗസ്റ്റിലാണ് വ്യവസായിയായ ദിനേഷ് പരാതി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ടാണ് ഷാലിമാർബാഗ് നിവാസിയായ നംറ ഖാദിറുമായി ബാദ്ഷാപൂർ സ്വദേശിയും പരാതിക്കാരനുമായ ദിനേഷ് പരിചയപ്പെടുന്നത്. 

സോഹ്‌ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽവെച്ച് സംസാരിക്കാൻ ക്ഷണിച്ചു. മനീഷ് ബെനിവാൾ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നൽകി. പണം തിരികെ ചോദിച്ചപ്പോൾ യുവതി വിവാഹാഭ്യർത്ഥന നടത്തി. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികൾ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികൾ തന്റെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്‌തെന്നും യുവാവ് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാൾ ആരോപിച്ചു. 

പോലീസിൽ പരാതിപ്പെട്ടാൽ ബലാത്സംഗ പരാതി നൽകുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ദമ്പതികൾ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാൽ അറസ്റ്റ് നടന്നില്ല. ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. ഐപിസി സെക്ഷൻ 388, 328, 406, 506, 34 പ്രകാരമാണ് കേസെടുത്തത്. 


Related News