തെരഞ്ഞെടുപ്പ് ഫലം: ഗുജറാത്തിൽ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം

  • 07/12/2022

അഹമ്മദാബാദ്: ഗുജറാത്തിൽ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാൻ ശ്രമിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.  182 ഒബ്‌സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും. 

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും.

Related News