ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു

  • 07/12/2022

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ട് മണിയ്ക്കാണ് ആരംഭിക്കുന്നത്. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഹിമാചൽ പ്രദേശിലും രാവിലെ എട്ട് മണിയ്ക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ഗുജറാത്തിൽ 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. 

27 വർഷമായി ഭരണം നിലനിർത്തുന്ന ബിജെപിക്ക് ഇത്തവണയും വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. ഹിമാചൽ പ്രദേശിലും ബിജെപിക്ക് ഭരണത്തുടർച്ചയെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചെടുക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.

ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ് മെയിൻപുരി ലോക്സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭമണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കും. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻപുരി സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് എസ് പി സ്ഥാനാർത്ഥിയായി ജനവിധി തേടിയത്. യുപിയിലെ രാംപൂർ,ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബീഹാർ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Related News