ഹിമാചൽ ആരാകും മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; നിയമസഭാകക്ഷി യോഗത്തിൻറെ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന്

  • 09/12/2022

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിൻറെ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് ലഭിക്കും. എംഎൽഎമാരിൽ നിന്ന് തന്നെ ഒരാളെ ഉടൻ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തേക്കും. പ്രതിഭാ സിംഗിൻറെ മകന് കാര്യമായ പ്രാതിനിധ്യം മന്ത്രി സഭയിൽ ഉണ്ടാകും. ബിജെപി സംസ്ഥാനത്തെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിൽ തിളക്കമാർന്ന വിജയം നേടിയ കോൺഗ്രസിൻറെ വിജയാഹ്‌ളാദം അവസാനിക്കുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് കടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിർണായക നിയമസഭാ കക്ഷി യോഗം ഇന്നലെ ചേർന്നത്. ഷിംലയിൽ നടന്ന യോഗത്തിൽ 40 എംഎൽഎമാരും പങ്കെടുത്തു. മുഖ്യമന്ത്രിയാരാകണമെന്നതിൽ ആദ്യഘട്ട ചർച്ചകളാണ് യോഗത്തിൽ നടന്നത്. എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം യോഗത്തിൽ പാസാക്കി. പ്രചാരണ ചുമതലയുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. പിന്നാലെയാണ് പിസിസി പ്രസിഡൻറ് പ്രതിഭാ സിംഗ് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻറെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മർദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിൻറെ പേര് ഉപയോഗിച്ചുള്ള വിജയത്തിൻറെ ഫലം മറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പ്രതിഭ തുറന്നടിച്ചിരുന്നു.

പിന്നാലെ പ്രതിഭയുമായി ചർച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വാഹനം ഒരുവിഭാഗം പ്രവർത്തകർ തടഞ്ഞ് പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു. രാത്രി യോഗം നടന്ന കോൺഗ്രസ് ആസ്ഥാനത്തും പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേരുണ്ടായിരുന്നു. എന്നാൽ മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി കിട്ടാാണ് സമ്മർദ്ദമെന്ന് കോൺഗ്രസ് കരുതുന്നു. പ്രതിഭയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തൊൻ എംപി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിൻറെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നിർണായകമാണ്.

Related News