ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നു; സുഖുവിന് നറുക്കു വീഴാൻ സാധ്യത

  • 10/12/2022

ദില്ലി: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുന്‍ അദ്ധ്യക്ഷന്‍ സുഖ്വിന്ദര്‍ സുഖുവും നിലപാടില്‍ ഉറച്ചു നില്ക്കുന്നതാണ് തര്‍ക്കം തുടരാന്‍ കാരണം. എംഎല്‍എമാരുമായി സംസാരിച്ച നിരീക്ഷകര്‍ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎല്‍എമാരെ മറുകണ്ടം ചാടിച്ച്‌ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി ക്യാംപില്‍ നിന്നും ചിലരെ ചാടിക്കാനും നീക്കം തുടരുകയാണ്.


അതേസമയം പാര്‍ട്ടി നേതൃത്വത്തിന്‍്റെ ഏതു നിര്‍ദേശവും താന്‍ അനുസരിക്കുമെന്ന് സുഖ്വിന്ദര്‍ സുഖു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ സര്‍ക്കാരുണ്ടാകും. നിലവില്‍ 43 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വന്നേക്കും - മാധ്യമങ്ങളെ കണ്ട സുഖു പറഞ്ഞു.

ഫല പ്രഖ്യാപനം നടന്ന് രണ്ടാം ദിവസവും ഹിമാചലില്‍ മുഖ്യമന്ത്രിയാരെന്നതില്‍ തര്‍ക്കം തീര്‍ന്നിട്ടില്ല. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഇരുപത് എംഎല്‍എമാ‌ര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ചിലര്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് നിലപാടെടുത്തു. നാടകീയ നീക്കത്തിലൂടെ അവകാശവാദമുന്നയിച്ച പ്രതിഭാ സിംഗിന് അനുകൂലിച്ചത് പത്തില്‍ താഴെ എംഎല്‍എമാരാണ്. ജനസംഖ്യയുടെ 33 ശതമാനമുള്ള രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള നേതാവായ സുഖ്വിന്ദര്‍ സിംഗ് സുഖുവിനോടാണ് നേതൃത്ത്വത്തിനും താല്‍പര്യം. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തില്‍ നിന്നുള്ള പ്രതിഭാ സിംഗിനെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കും.

Related News