ബിജെപി കൗണ്‍സിലര്‍മാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നു; കെജ്രിവാളിനെതിരെ ആരോപണവുമായി ബിജെപി

  • 10/12/2022

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം ആംആദ്മി പാ‍ര്‍ട്ടി ഉറപ്പിച്ചിരിക്കെ അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി ബിജെപി. ബിജെപി കൗണ്‍സിലര്‍മാരെ വിലയ്ക്ക് വാങ്ങാന്‍ എഎപി ശ്രമിക്കുന്നതായാണ് ആരോപണം. കെജരിവാളിന്‍്റെ ഏജന്‍്റ് സമീപിച്ചതായി ബിജെപി കൗണ്‍സിലര്‍ ആരോപിച്ചു. സംഭവത്തില്‍ എസിബിക്ക് പരാതി നല്‍കിയെന്നും ബിജെപി ആരോപിച്ചു.


ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച്‌ ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയിരുന്നു. രണ്ട് സീറ്റില്‍ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വര്‍ഷം ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ച ബിജെപിയെ തകര്‍ത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. അതേസമയം, ഒമ്ബത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.

ആംആദ്മി പാര്‍ട്ടി രൂപീകരിച്ച്‌ രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാള്‍ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കെ ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിന്‍റെ ഭാവി പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. കെജ്രിവാളിന്‍റെ ഈ വിജയം ബിജെപി മുന്‍കൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്രസര്‍ക്കാരിനു കീഴിലാക്കിയത് അതിനാലാണ്.

Related News