ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  • 10/12/2022

ദില്ലി: ഹിമാചൽ പ്രദേശിന്‍റെ മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാവും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ് നടക്കുക. 

സുഖ് വീന്ദർ സുഖുവും മുകേഷ് അഗ്നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക. മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയിരുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് ചുക്കാൻപിടിച്ചത് അമ്പത്തിയെട്ടുകാരനായ സുഖ്‍വീന്ദർ സിങ് സുഖുവാണ്. 

പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിച്ചു. ഹാമിർപുരിലെ നദൗനിൽനിന്നാണ് തിരഞ്ഞെക്കപ്പെട്ടത്. നാലാം തവണയാണ് സഭയിലെത്തുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം. നാലുതവണ എം.എൽ.എ.യായ പാരമ്പര്യമുണ്ട് ഉപമുഖ്യമന്ത്രിയാകുന്ന 60കാരൻ മുകേഷ് അഗ്നിഹോത്രിക്ക്. 
 

Related News