ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു

  • 11/12/2022

ഡല്‍ഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയാണ് സുഖ്‍വീന്ദർ സിംഗ് സുഖു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളും പങ്കെടുത്തു. 

മുഖ്യമന്ത്രിക്ക് പിന്നാലെ മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. പിസിസി പ്രസിഡന്റും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി എന്നിവരെ മറികടന്നാണ് പാർട്ടി ഹൈക്കമാൻഡ് സുഖുവിനെ പിന്തുണച്ചത്. ഇടഞ്ഞുനിൽക്കുന്ന പ്രതിഭാ സിംഗിനെ ,വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സുഖ്‍വീന്ദർ സിംഗ് അധികാരമേറ്റെടുത്തത്. മകൻ വിക്രമാദിത്യ സിംഗ് മിക്കവാറും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് പ്രതിഭാ സിംഗ് പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നതായി വിക്രമാദിത്യ സിംഗും വ്യക്തമാക്കി.  

സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് ചുക്കാൻപിടിച്ചത് അമ്പത്തിയെട്ടുകാരനായ സുഖ്‍വീന്ദർ സിങ് സുഖുവാണ്. പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിച്ചു. ഹാമിർപുരിലെ നദൗനിൽനിന്നാണ് തിരഞ്ഞെക്കപ്പെട്ടത്. നാലാം തവണയാണ് സഭയിലെത്തുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം.  

Related News