ബിഹാറിലെ ചാപ്രയില്‍ വ്യാജമദ്യം കഴിച്ച്‌ ഇരുപത് പേര്‍ മരിച്ചു; പലര്‍ക്കും കാഴ്ച്ച നഷ്ടപ്പെട്ടു

  • 14/12/2022

ചാപ്ര: ബിഹാറിലെ ചാപ്രയില്‍ വ്യാജമദ്യം കഴിച്ച്‌ ഇരുപത് പേര്‍ മരിച്ചു. ഈ വര്‍ഷം ബിഹാറില്‍ നൂറിലധികം പേരാണ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. വിഷയം നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചു.


ചൊവ്വാഴ്ച്ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചത്. അഞ്ച് പേര്‍ ഗ്രാമത്തിലും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൂടുതല്‍ പേരെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന പലര്‍ക്കും കാഴ്ച്ച നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു. മദ്യം ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസിന് നിലവില്‍ വിവരമില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്ത് 11 പേര്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചിരുന്നു.

വ്യാജമദ്യ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചു. മദ്യം നിരോധിച്ച ബിഹാറില്‍ ബിജെപി നേതാക്കളാണ് വ്യാജമദ്യമെത്തിച്ചു നല്‍കുന്നതെന്ന് ക്ഷുഭിതനായ നിതീഷ് കുമാര്‍ ആരോപിച്ചു.

Related News