വഴക്കിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം 400 കിലോമീറ്റര്‍ അകലെ ദഹിപ്പിച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍

  • 14/12/2022

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍. ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആയുർവേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് പിടിയിലായത്. വന്ദന അവസ്തി(28)യാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ നവംബര്‍ 26ന് ലഖിംപൂർ ഖേരിയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം 400 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ദഹിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഭിഷേക് അവസ്തിയും പിതാവ് ഗൗരി ശങ്കർ അവസ്തിയും ചേർന്ന് വഴക്കിനിടെ വന്ദനയെ ഭാരമുള്ള വസ്തു കൊണ്ട് അടിക്കുകയും തലയ്ക്ക് പരിക്കേറ്റ വന്ദന മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കി അഭിഷേക്  തന്‍റെ ആയൂര്‍‌വേദ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. 

അവിടെ വെച്ച് ആശുപത്രി ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റി 400 കി.മി ദൂരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ദഹിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും മതൃദേഹം കൊണ്ടുപോകാനായെത്തിയ ആംബുലൻസ് ഡ്രൈവറോട് യുവതി അപകടത്തിൽ മരിച്ചണെന്നും എത്രയും വേഗം മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പ്രതി പറഞ്ഞത്.

കൊലപാതകം നടന്നതിന്‍റെ പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അഭിഷേക് ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള ചില വസ്തുക്കളും കാണാനില്ലെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ അഭിഷേകിന്‍റെയും കുടുംബത്തിന്‍റെയും പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി. ഇതോടെ അഭിഷേകിനെ വിശദമായി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. അഭിഷേകും പിതാവും ചേർന്നാണ് വന്ദനയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ പൊലീസ് കൊലക്കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
 

Related News