അവിഹിത ബന്ധം ആരോപിച്ച് കാമുകിയെ യുവാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  • 14/12/2022

ധംതാരി: ഛത്തീസ്ഗഡില്‍ കാമുകിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ധംതാരി ജില്ലയിൽ മഗർലോഡ് ടൗണിലാണ് സംഭവം. 25 കാരിയായ രേഷ്മി സാഹുവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

മഗർലോഡ് നഗർ പഞ്ചായത്ത് ഓഫീസിന് സമീപം ചായക്കട നടത്തുകയായിരുന്നു യുവതി. നാല് വര്‍ഷവുമായി യുവതി യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെയായി യുവതിക്ക് തന്നോട് അടുപ്പം കുറഞ്ഞതായി കാമുകന് തോന്നി. ഇതോടെ ഇയാള്‍ രേഷ്മിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇതു പറഞ്ഞ് ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു.

സംഭവ ദിവസം കാമുകിയുടെ ചായക്കടയിലെത്തിയ യുവാവ് ഇവരുമായി വഴക്കിട്ടു. അവിഹത ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാനാണ് യുവതിയുടെ ശ്രമമെന്നും യുവാവ് ആരോപിച്ചു. യുവതി ഇതെല്ലാം നിഷേധിച്ചു. തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാകുകയും ഇതിനിടെ പ്രകോപിതനായ പ്രതി യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കുകയുമായിരുന്നു.

അടിയേറ്റ് അവശയായി യുവതി കുഴഞ്ഞ് വീണതോടെ യുവാവ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന യുവതിയെ സമീപത്തുണ്ടായിരുന്നവര്‍ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം നടക്കുകയാണ്.

Related News