സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കരുത്: കിരണ്‍ റിജിജു

  • 15/12/2022

ന്യൂഡല്‍ഹി: കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രി വീണ്ടും വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.


ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ രാജ്യസഭയിലായിരുന്നു കിരണ്‍ റിജിജുവിന്റെ പ്രസ്താവന. 'സുപ്രീം കോടതി പ്രസക്തമായ കേസുകള്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ സദുദ്ദേശ്യത്തോടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ജാമ്യാപേക്ഷകളോ നിസ്സാരമായ പൊതുതാത്പര്യ ഹര്‍ജികളോ സുപ്രീം കോടതി കേള്‍ക്കാന്‍ തുടങ്ങിയാല്‍, അത് ഒരുപാട് അധിക ബാധ്യത ഉണ്ടാക്കും'-കിരണ്‍ റിജിജു പറഞ്ഞു.

വിചാരണ കോടതികളില്‍ നാലു കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പണവും പിന്തുണയും നല്‍കുന്നു. എന്നാല്‍ അര്‍ഹരായ ആളുകള്‍ക്ക് മാത്രമേ നീതി ലഭിക്കൂ എന്ന് ഉറപ്പാക്കാന്‍ ജുഡീഷ്യറിയോട് ആവശ്യപ്പെടണമെന്നും റിജിജു പറഞ്ഞു.

Related News