മദ്യപിച്ച്‌ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല; നിലപാടിൽ ഉറച്ച് നിതീഷ് കുമാര്‍

  • 16/12/2022

പാട്ന: സംസ്ഥാനത്തെ വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞ ദിവസം സരണ്‍ ജില്ലയിലുണ്ടായ മദ്യ ദുരന്തത്തില്‍ മരണസംഖ്യ 53-ായി ഉയര്‍ന്നതിന് പിന്നാലെ നിയമസഭയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.


മദ്യപിച്ച്‌ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. മദ്യപിക്കരുതെന്ന് ദീര്‍ഘകാലമായി തന്നെ മുന്നറിയിപ്പ് നല്‍കി വരുന്നതാണ്. അത് അവഗണിച്ചാല്‍ മരണപ്പെടുമെന്ന് അദ്ദേഹം നിയമസഭയെ അഭിസംബോധന ചെയ്യവേ പറഞ്ഞു. വിഷമദ്യ ദുരന്തത്തിന് പിന്നാലെ മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് മാദ്ധ്യമങ്ങളോട് നിതീഷ് കുമാര്‍ പ്രതികരണം നടത്തിയത് വിവാദമായിരുന്നു.

സരണ്‍ ജില്ലയിലെ ഛപ്രയിലെ വിവിധ ഷാപ്പുകളില്‍ നിന്നും മദ്യം കഴിച്ചവരാണ് സംഭവദിവസം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തത്. നാല് മാസം മുന്‍പ് ഇവിടെയുണ്ടായ വിഷ മദ്യ ദുരന്തത്തില്‍ 12 പേര്‍ മരിച്ചിരുന്നു. മദ്യ നിരോധനം നിലവിലുള്ള ബീഹാറിലെ വിഷമദ്യ ദുരന്തം ആവര്‍ത്തിക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു

Related News