'വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടുകയും ആശ്വാസം നല്‍കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെയെന്താണ് തങ്ങള്‍ക്ക് പണി': സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

  • 16/12/2022

ന്യൂഡല്‍ഹി: ഒരു കേസും സുപ്രിംകോടതിക്ക് ചെറുതല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടുകയും ആശ്വാസം നല്‍കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെയെന്താണ് തങ്ങള്‍ക്ക് പണിയെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. കേസുകളില്‍ ഇടപെടാതിരുന്നാല്‍ ഭരണഘടനയുടെ 136ാം അനുച്ഛേദമാണ് തങ്ങള്‍ ലംഘിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സുപ്രിംകോടതി ജാമ്യാപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നും ഭരണഘടനാപരമായ കാര്യങ്ങളാണ് കേള്‍ക്കേണ്ടതെന്നും മന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തെ വിമര്‍ശിക്കുന്നയാളുമാണ് മന്ത്രി.

വൈദ്യുതി മോഷണം നടത്തിയതിന് 18 വര്‍ഷം വരെ തുടര്‍ച്ചയായി ശിക്ഷ അനുഭവിക്കാന്‍ ഉത്തരവിട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസിലെ പ്രതിയായ ഇഖ്‌റാം ഒമ്ബത് കേസുകളിലായി രണ്ട് വര്‍ഷം വീതം ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഒരേസമയം നടപ്പാക്കുന്നതിന് പകരം തുടര്‍ച്ചയായി 18 വര്‍ഷം തടവ് അനുഭവിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇവയില്‍ ഏഴു വര്‍ഷം ഇയാള്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. വിവിധ ശിക്ഷകള്‍ ഒരുമിച്ച്‌ അനുഭവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഖ്‌റാം അലഹബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളി. തുടര്‍ന്നാണ് ഇയാള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

വ്യക്തികളുടെ സ്വാതന്ത്ര്യവും ജീവിതവുമടക്കമുള്ള മൗലികാവകാശങ്ങളുടെ സംരക്ഷകനെന്ന നിലയില്‍ സുപ്രിംകോടതിയുടെ ചുമതല ചൂണ്ടിക്കാട്ടുന്നതാണ് ഇഖ്‌റാമിന്റെ കേസെന്നും ചന്ദ്രചൂഢ് പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ സുപ്രിംകോടതി ഇടപെട്ടില്ലെങ്കില്‍ ഗുരുതര നീതിനിഷേധം തുടരുകയും പൗരന്റെ ശബ്ദം അവഗണിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related News