വായന ഒരു മികച്ച സാംസ്കാരിക പ്രവര്‍ത്തനം: ഐ സി എഫ്

  • 17/12/2022


കുവൈത്ത്: ഏറ്റവും മികച്ച ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ് വായനയെന്ന് ഐ.സി.എഫ്. ഫര്‍വാനിയ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘വായനയുടെ വിപ്ലവം’ സാംസ്കാരിക സെമിനാറിലെ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ഐ.സി.എഫ്. മുഖപത്രമായ പ്രവാസി വായനയുടെ പ്രചാരണ കാലത്തിന് സമാപനം കുറിച്ചുകൊണ്ടായിരുന്നു സാംസ്കാരിക സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. 

പുതിയ ചിന്താഗതികളിലേക്കും ആശയങ്ങളിലേക്കും മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്ന മഹത്തായൊരു പ്രക്രിയയാകുന്നു വായന. വിചാര വിപ്ലവത്തിന്‍റെ വാതായനങ്ങള്‍ തുറന്നിടുന്നതിലൂടെ വായന മനുഷ്യനെ സ്വയം സംസ്കരിക്കുന്നു. ജീവിക്കുന്ന പ്രദേശത്തിനപ്പുറത്തുള്ള വിശാലമായ ലോകത്തെ മനുഷ്യന്‍റെ ജീവിതവും ആവാസ വ്യവസ്ഥിതിയും പാരിസ്ഥിതികവും മാനവികവുമായ പ്രശ്നങ്ങളും മനസ്സിലാക്കുന്നതിന് വായന മനുഷ്യനെ സഹായിക്കുന്നു.

വായന ഒരു ധൈഷണിക വ്യായാമം ആകുന്നു. ഓരോ വായനയിലൂടെയും പുതിയ മനുഷ്യനായി ജനിക്കുന്നവര്‍ സമൂഹത്തില്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയാണ് ചെയ്യുന്നത്. 

നിരവധി സോഴ്സുകളില്‍ നിന്ന് ധാരാളം ഇന്‍ഫര്‍മേഷന്‍ ലഭ്യമായ ഈ ഡിജിറ്റല്‍ കാലത്ത് വായനയിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ സോഴ്സുകള്‍ ആധികാരികമാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ് . തെറ്റായ സന്ദേശങ്ങള്‍ കൈമാറി ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാനും സമൂഹത്തെ വഴിതിരിച്ചു വിടാതിരിക്കാനും ആധികാരികമായ സോഴ്സുകളെ ആശ്രയിക്കണം. പരന്ന വായനയോടൊപ്പം ആവശ്യമുള്ള ടോപ്പിക്കുകളും മേഖലകളും തെരഞ്ഞെടുത്ത് നൈപുണ്യം നേടാന്‍ ശ്രമിക്കുന്നതും അത്യാവശ്യമാണ്. 

എഴുത്തുകാരനായിരിക്കുക എന്നതിനേക്കാള്‍ നല്ലൊരു വായനക്കാരനായിരിക്കുക എന്നതാണ് പ്രധാനം. വായനകളില്‍ നിന്നാണ് ആശയങ്ങള്‍ രൂപപ്പെടുന്നത്. ആ ആശയങ്ങളിലൂടെയാണ് പുതിയ ലോകം സാധ്യമാകുന്നത്. സാംസ്കാരിക സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഫര്‍വാനിയ ഐ.സി.എഫ്. ഹാളില്‍ നടന്ന സംഗമത്തില്‍ ഐ.സി.എഫ്. ഫര്‍വാനിയ സെന്‍ട്രല്‍ പ്രസിഡണ്ട് സുബൈര്‍ മുസ്ലിയാര്‍ പെരുമ്പട്ട അധ്യക്ഷനായിരുന്നു. ഐ.സി. ദഅ്വാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ ഒ.പി (കെ.കെ.എം.എ), അബൂ മുഹമ്മദ് (ഐ.സി.എഫ്.), അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി (ആര്‍.എസ്.സി.) എന്നിവര്‍ പ്രസംഗിച്ചു. ഐ.സി.എഫ്. നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു. 

നസീര്‍ വയനാട് സ്വാഗതവും ഷൗക്കത്ത് പാലക്കാട് നന്ദിയും പറഞ്ഞു.

Related News