ഗര്‍ഭിണിയായ യുവതി എച്ച് ഐ വി പോസിറ്റീവ്; വിവാഹമോചനത്തിനായി ഭർത്താവ് അണുബാധയുള്ള രക്തം കുത്തിവച്ചതായി പരാതി

  • 17/12/2022

വിജയവാഡ: വിവാഹമോചനത്തിനായി ഭര്‍ത്താവ് എച്ച് ഐ വി അണുബാധയുള്ള രക്തം കുത്തിവെച്ചതായി യുവതിയുടെ പരാതി. ആന്ധ്രപ്രദേശിലെ വിജയവാഡ തഡേപ്പള്ളി സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. 40കാരനായ ഭര്‍ത്താവിനെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

എച്ച്.ഐ.വി. ബാധിതയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം ലഭിക്കാനായാണ് നാട്ടുവൈദ്യന്റെ സഹായത്തോടെ ഭര്‍ത്താവ് രക്തം കുത്തിവെച്ചതെന്നാണ് ഗര്‍ഭിണിയായ യുവതിയുടെ ആരോപണം. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയത്.  

അടുത്തിടെ ഭര്‍ത്താവ് തന്നെ ഒരു നാട്ടുവൈദ്യന്റെ അടുത്ത് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെടാനായി വൈദ്യന്‍ ഒരു കുത്തിവെപ്പ് നല്‍കി. ഇതുവഴിയാണ് രക്തം ശരീരത്തില്‍ കുത്തിവെച്ചതെന്നാണ് യുവതിയുടെ ആരോപണം.

2018 മുതലാണ് ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഒരു പെണ്‍കുഞ്ഞാണ് ഇവര്‍ക്കുള്ളത്. ദകൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന് പറഞ്ഞും നിരന്തരം ഉപദ്രവിച്ചിരുന്നു. വിശാഖപട്ടണം സ്വദേശിയായ 21-കാരിയുമായി ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. വിവാഹമോചനത്തിനായി ഭര്‍ത്താവ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഇതിനാണ് എച്ച്.ഐ.വി. അണുബാധയുള്ള രക്തം കുത്തിവെച്ചതെന്നും പരാതിയില്‍ യുവതി പറയുന്നു.
 

Related News