കനത്ത മൂടൽ മഞ്ഞ്: ഉത്തരേന്ത്യയിൽ വാഹനാപകടങ്ങൾ കൂടുന്നു

  • 20/12/2022

ദില്ലി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടങ്ങിയതോടെ മൂടല്‍ മഞ്ഞ് കനത്തു. ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് കാരണമുണ്ടായ വാഹനാപകടങ്ങളില്‍ മരണം ആറായി. ദില്ലി ആഗ്ര എക്സ്പ്രസ് ഹൈവേയില്‍ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച്‌ പത്തിലേറേ പേര്‍ക്ക് പരിക്കേറ്റ്. മൂന്ന് പേര്‍ മരിച്ചു. ബസില്‍ 55 പേരാണ് യാത്രചെയ്തിരുന്നത്. പഞ്ചാബില്‍ ട്രക്കും ട്രാക്റ്ററും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു.


ഹരിയാനയില്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല സഞ്ചരിച്ചിരുന്ന വാഹനം തൊട്ടുമുന്നിലുണ്ടായിരുന്ന സുരക്ഷാ വാഹനത്തിലിടിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അതേസമയം ദുഷ്യന്ത് ചൗട്ടാലയ്ക്ക് പരിക്കില്ല. മൂടല്‍മഞ്ഞ് കാരണം കാഴ്ച്ച പരിധി 150 മീറ്ററായി കുറഞ്ഞുവെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ 7 ഡിഗ്രിയാണ് കുറഞ്ഞ താപനില. മൂടല്‍ മഞ്ഞ് കാരണം ദില്ലിയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ദില്ലിയില്‍ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. പതിനൊന്ന് ട്രെയിനുകള്‍ വൈകിയോടുമെന്ന് ഉത്തര റെയില്‍വേ അറിയിച്ചു.

പലയിടത്തും കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് തുടരുകയാണ്. ദില്ലിയിലെ പാലത്തില്‍ രാവിലത്തെ കണക്ക് പ്രകാരം 25 മീറ്റ‍ര്‍ മാത്രമാണ് കാഴ്ചാപരിധി. സഫ്ദര്‍ജംഗ് മേഖലയില്‍ 50 മീറ്ററായിരുന്നു ഇത്. അമൃത്‌സര്‍, ഗംഗാനഗര്‍, പട്യാല, ലഖ്‌നൗ എന്നിവിടങ്ങളില്‍ 25 മീറ്റര്‍ കാഴ്ചാ പരിധിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തത്. ഭട്ടിന്‍ഡയില്‍, കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി 0 ആയി കുറഞ്ഞു.

കനത്ത മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാല്‍ ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ച മങ്ങിയത് റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശ്രദ്ധയോടെയാണ് ആളുകള്‍ വാഹനങ്ങള്‍ ഓടിക്കുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

Related News