പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം: ഖര്‍ഗെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍

  • 20/12/2022

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സിംഹത്തെപ്പോലെ അലറുന്നവര്‍ എലിയെപ്പോലെ പെരുമാറുന്നു എന്നായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം. ചൈന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തില്‍ ഖര്‍ഗെയുടെ പരിഹാസം.


സഭയുടെ പുറത്തുപറഞ്ഞ പരാമര്‍ശത്തില്‍ സഭയില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഖര്‍ഗെ പറഞ്ഞു. മോദിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയുന്നത് വരെ ഖര്‍ഗക്ക് സഭയില്‍ ഇരിക്കാന്‍ അവകാശമില്ലെന്ന് പീയുഷ് ഗോയല്‍ ആവര്‍ത്തിച്ചു. താന്‍ പുറത്ത് പറഞ്ഞത് സഭയില്‍ ആവര്‍ത്തിച്ചാല്‍ ബി ജെ പി നേതാക്കള്‍ വിഷമിക്കേണ്ടി വരുമെന്ന് ഖര്‍ഗെ തിരിച്ചടിച്ചു. ലോക്സഭയിലും ഖര്‍ഗെയുടെ പരാമര്‍ശം ഉയര്‍ത്തി ബിജെപി ബഹളം വെച്ചു.

രാജ്യത്തിനുവേണ്ടി നിങ്ങളുടെ പക്ഷത്തുനിന്ന് ഒരു നായ പോലും മരിച്ചിട്ടില്ലല്ലോ എന്ന ഖര്‍ഗെയുടെ പരാമര്‍ശവും വിവാദമായിരുന്നു. ബി ജെ പിക്ക് സ്വാതന്ത്ര സമരത്തില്‍ ഒരു പങ്കുമില്ലെന്ന് ഖര്‍ഗെ ആവര്‍ത്തിച്ചു. സ്മൃതി ഇറാനികെതിരായ കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ മോശം പരാമര്‍ശം ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങള്‍ ലോക്സഭയില്‍ ബഹളം വച്ചു. സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാന്‍ ആണെന്നാണ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി നാട്യങ്ങള്‍ കാണിക്കാനാണ് അമേഠിയില്‍ എത്തുന്നത് എന്നായിരുന്നു വിമര്‍ശനം.

പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്ന് ബിജെപി വക്താവ് ഷഹദാദ് പുണെ വാല പറഞ്ഞു. അജയ് റായ് പ്രയോഗത്തില്‍ മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടു. താന്‍ പറഞ്ഞ വാക്ക് അസഭ്യമല്ല എന്നും ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും അജയ് റായി പ്രതികരിച്ചു.

Related News