ഇന്ത്യക്ക് മികച്ച വാക്‌സിനേഷന്‍ റെക്കോഡ്; കോവിഡ് വ്യാപനത്തെ ഭയപ്പെടേണ്ടെന്ന് അദാർ പൂനെവല

  • 21/12/2022

ന്യൂഡല്‍ഹി: ഇന്ത്യക്ക് മികച്ച വാക്‌സിനേഷന്‍ റെക്കോഡുള്ളത് കൊണ്ട് തന്നെചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദാര്‍ പൂനവാല ട്വീറ്റ് ചെയ്‌തു. കൊവിഡിനെതിരായ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടാണ്.


ഔദ്യോഗിക കണക്കനുസരിച്ച്‌ ചൈനയിലെ നിലവിലെ പ്രതിദിന കേസുകളുടെ എണ്ണം രണ്ടായിരത്തിനടുത്താണ്. എന്നാല്‍ ഇതിലും കൂടുതലാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എന്നാണ് ഹോങ്കോങ് പോസ്‌റ്റ് അടക്കമുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ കെപി ഫാബിയാന്‍ ചൈനയിലെ വര്‍ധിച്ച്‌ വരുന്ന കൊവിഡ് കേസുകളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൈനയിലെ അറുപത് ശതമാനം ജനങ്ങള്‍ക്കും ലോകത്തിലെ 10 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചേക്കാമെന്നും ദശലക്ഷങ്ങള്‍ മരണപ്പെട്ടേക്കാം എന്നും ഫാബിയാന്‍ ആശങ്ക പ്രകടിപ്പിച്ചു. കൊവിഡിനെതിരായ ചൈനയുടെ തന്ത്രത്തില്‍ പാളിച്ചകള്‍ ഉണ്ടായി. ചൈനയുടെ കൊവിഡ് വാക്‌സിന്‍ കാര്യക്ഷമമല്ല. കാര്യക്ഷമമായ വാക്‌സിന്‍ ഉപയോഗിക്കാന്‍ അവര്‍ തയ്യാറാവുകയോ അല്ലെങ്കില്‍ അവരുടെ വാക്‌സിന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Related News