വിദേശത്തെ കൊവിഡ് വ്യാപനം: വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം

  • 21/12/2022

തിരുവനന്തപുരം/ദില്ലി: വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശം നൽകി. അതേസമയം കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങി. എന്നാൽ രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളിൽ ജാഗ്രതയ്ക്ക് വീണ്ടും നിർദേശം നൽകും. അതേസമയം ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് യോഗം വിളിച്ചു.

ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിർദേശമുണ്ട്. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതിൽ തീരുമാനമെടുക്കുക. വാക്‌സിൻ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.

കേന്ദ്ര നിർദേശത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾ ജാഗ്രത കർശനമാക്കാൻ നടപടികൾ തുടങ്ങി. കൊവിഡ് വ്യാപനം നേരത്തെ രൂക്ഷമായിരുന്ന ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് അടിയന്തിര യോഗം വിളിച്ചു. ഗുജറാത്തിൽ കഴിഞ്ഞ മാസം ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ച പെൺകുട്ടിക്ക് രോഗം ഭേദമായെന്നും നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും സൂറത്ത് മുനിസിപ്പൽ കമ്മീഷണർ അറിയിച്ചു. പെൺകുട്ടിക്ക് അമേരിക്കൻ യാത്രാ പശ്ചാത്തലമുണ്ട്. 

പന്ത്രണ്ടായിരത്തിലധികം കിടക്കകൾ തയാറാക്കിയെന്ന് ജാർഖണ്ഡ് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകരോട് സജ്ജരായിരിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അതിതീവ്ര വ്യാപന ശേഷിയുള്ള ഉപവകഭേദമായ ബിഎഫ് 7 ഒരാളിൽനിന്നും 18 പേരിലേക്ക് വരെ രോഗം പടർത്താൻ ശേഷിയുള്ളതാണ്. ചൈന കൂടാതെ യു.കെ, അമേരിക്ക,ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഈ വകഭേദമാണ്. സാധാരണ കൊവിഡ് ലക്ഷണങ്ങൾ കൂടാതെ ഛർദിയും വയറിളക്കവും ഈ വൈറസിന്റെ ലക്ഷണങ്ങളാണ്.

Related News