ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂളുകളിലും സിസിടിവി സ്ഥാപിക്കും; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

  • 21/12/2022

ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂളുകളിൽ സിസിടിവി സ്ഥാപിക്കുന്ന നീക്കവുമായി മഹാരാഷ്ട്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് തീരുമാനം അറിയിച്ചത്. സിസിടിവി സ്ഥാപിക്കാൻ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നിർദേശം നൽകുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. മുംബൈയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രായപൂർത്തിയാകാത്ത രണ്ട് സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി എംഎൽഎ ചോദ്യമുന്നയിച്ചത്.

നിലവിൽ സംസ്ഥാനത്തെ ചില വലിയ സ്‌കൂളുകളിൽ സിസിടിവികളുണ്ട്. എല്ലാ സ്‌കൂളുകളിലും പ്രതിരോധ നടപടിയായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് നിർദേശം നൽകും. ഇത്തരം അക്രമങ്ങളിൽ നിന്ന് പിന്തിരിയാൻ ഈ നടപടി സഹായിക്കും. ചില സ്‌കൂളുകൾക്ക് പരിസരത്ത് കഫ്റ്റീരിയകളും മികച്ച സാഹചര്യങ്ങളുമുണ്ട്. ഇത്തരം മാറ്റങ്ങൾ കുട്ടികളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.

സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് ഇതിനായി കർമപദ്ധതി തയ്യാറാക്കും. പല സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നൽകിവരുന്നുണ്ടെന്നും ഇന്റർനെറ്റിൽ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന പോൺ സൈറ്റുകളെ നിരോധിക്കുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related News