പീഡന ശ്രമം ചെറുത്തു; പതിനഞ്ചുകാരിയെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി

  • 22/12/2022

മധ്യപ്രദേശ്: മധ്യപ്രദേശില്‍ പീഡന ശ്രമം ചെറുത്ത പതിനഞ്ചുകാരിയെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ഫാം തൊഴിലാളിയായ വിശാല്‍ ഭില്‍ എന്ന യുവാവാണ് അറസ്റ്റിലായത്. 

സെഹോർ ജില്ലയിലെ ജാവർ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബൈജ്‌നാഥ് ഗ്രാമത്തിലെ ഒരു കൃഷി ഫാമിലാണ് സംഭവം നടന്നത്. ഫാമിലെ ജോലിക്കാരനായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്. പിതാവിനൊപ്പം ജോലി സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പ്രതി വിശാല്‍ ഭിലും മറ്റൊരാളും ചേര്‍ന്ന് ഫാമിലെ ഷെഡ്ഡിലേക്ക് വിളിച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഷെഡ്ഡിനുള്ളില്‍ വെച്ച് ഇതേ ഫാമിലെ ജീവനക്കാരനായ വിശാല്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു. പീഡനശ്രമം ചെറുത്ത പെണ്‍കുട്ടി നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവാണ് തലക്കടിയേറ്റ് കൊല്ലപ്പെട്ട മകളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. 

പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളിലൊരാളായ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related News