കോവിഡ് വ്യാപനം വർധിക്കുന്നു; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്

  • 22/12/2022

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴില്ല. മുന്‍കരുതലുകള്‍ സ്വാകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ കേന്ദ്ര നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചു.


വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം ഇതിനോടകം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരില്‍ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോക യോഗത്തില്‍ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാന്‍ നിര്‍ദ്ദേശിച്ചു.

ചൈനയില്‍ പടരുന്ന അതിവേഗ വ്യാപന ശേഷിയുള്ള കൊവിഡ് ഒമിക്രോണ്‍ ഉപവകഭേദമായ ബി എഫ്7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തും ജാഗ്രത. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

Related News