ബ്യൂട്ടി പാർലറിൽ പോകാനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

  • 24/12/2022

ഉത്തര്‍പ്രദേശ്: ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
ഇവിടെ കുടുംബകോടതിയിലാണ് യുവതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

തന്നെ കാണാൻ ഭംഗിയില്ലെന്ന് ഇടയ്ക്കിടെ ഭര്‍ത്താവ് പറയാറുണ്ട്. എന്നാല്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് മേക്കപ്പ് സാധനങ്ങളൊന്നും വാങ്ങി തരികയോ ഇതിന് പണം നല്‍കുകയോ ചെയ്യാറില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. തന്റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ കൂട്ടിച്ചേര്‍ത്തു.

2015ലാണ് ഡൽഹിയിൽ സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്. മൂന്ന് വർഷം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വേർ പിരിഞ്ഞ് താമസം തുടങ്ങി. യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്. 

ഇരുവരും ചേർന്ന് രാത്രി വീട്ടിൽ നിന്നും പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിഞ്ഞ ശേഷം കുഞ്ഞ് ഉണ്ടായില്ല. കുഞ്ഞുണ്ടാകണമെങ്കില്‍ ഒരു ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനും ഭര്‍ത്താവോ വീട്ടുകാരോ പണം നല്‍കിയില്ലെന്നും യുവതി ആരോപിച്ചു. 


 

Related News