ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക്

  • 25/12/2022



റിയാദ്: ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റി. ലോകകപ്പിന് മുമ്പുണ്ടായിരുന്ന പതിവ് നടപടിക്രമങ്ങളിലേക്ക് മാറ്റിയെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്‌പോർട്ടോ ദേശീയ ഐഡിയോ ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. 

ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടുകളിൽ മൂന്നു മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ടുകൾ എല്ലാവരും നന്നായി സൂക്ഷിക്കണം. ഇവ പണയം വെക്കാനോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെക്കാനോ പാടില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ നേരത്തെ മുതൽ അനുമതിയുണ്ട്. എന്നാൽ ലോകകപ്പ് പ്രമാണിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഗൾഫ് പൗരന്മാർ തിരിച്ചറിയൽ കാർഡിൽ ഖത്തറിൽ പ്രവേശിക്കുന്നത് താൽക്കാലികമായി വിലക്കുകയായിരുന്നു. ഫുട്ബാൾ മത്സരത്തിെൻറ ടിക്കറ്റും ‘ഹയ്യാ’ കാർഡും നേടി പാസ്പോർട്ടുകൾ ഉപയോഗിച്ച് ഖത്തറിൽ പ്രവേശിക്കണമെന്നായിരുന്നു വ്യവസ്ഥ. ടിക്കറ്റില്ലാതെ ‘ഹയ്യാ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തു മാത്രം ഖത്തറിൽ പ്രവേശിക്കാനും പിന്നീട് അനുമതി നൽകിയിരുന്നു.

അതേസമയം ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു. ഓണ്‍ അറൈവല്‍ സംവിധാനം വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഓണ്‍ അറൈവല്‍ കാലയളവിലേക്ക് ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിങും നിര്‍ബന്ധമാണ്.

Related News