"ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്" ഫായിസിന് സ്വീകരണം നൽകി കുവൈത്ത് കെ.എം.സി.സി

  • 26/12/2022


കുവൈത്ത് സിറ്റി: സൈക്കിളിൽ കേരളത്തിൽ നിന്നും ലണ്ടനിലേക്ക് ഒറ്റക്ക് യാത്ര തിരിച്ച കോഴിക്കോട് തലക്കുളത്ത്തൂർ സ്വദേശി ഫായിസ് അഷ്‌റഫ് അലിക്ക് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.

കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടി ഉപദേശക സമിതിയങ്ങാവും മുൻ വൈസ് പ്രസിഡന്റുമായ പി.വി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
ലോക സമാധാനം, സീറോ കാർബൺ , ലഹരിക്കെതിരെയുള്ള ബോധവത്കരണം തുടങ്ങിയവയായാണ് യാത്രയിലൂടെ ലക്‌ഷ്യം വെക്കുന്നതെന്നു ഫായിസ് പറഞ്ഞു. ലോക രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ സന്ദേശം ഉയർത്തി കൊണ്ട് നാല് മാസം മുമ്പ് നാട്ടിൽ നിന്നും പുറപ്പെട്ട ഇന്നലെ കാലത്ത് നുവൈസിബ് അതിർത്തി വഴി കുവൈത്തിൽ എത്തിയ ഫായിസ് തന്റെ സന്ദർശക പട്ടികയിലുള്ള 35 രാജ്യങ്ങളിൽ ഒരു രാജ്യം കൂടി പൂർത്തിയാക്കുകയാണ്. രണ്ട് ഭൂഖണ്ഡങ്ങളിലെ 35 രാജ്യങ്ങൾ താണ്ടി 30,000 കിലോമീറ്റർ സഞ്ചരിച്ച് ലണ്ടനിലെത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ആഗസ്ത് 15 നാണ് ഫായിസ് തിരുവനന്തപുരത്തു നിന്നും തന്റെ സൈക്കിളിലൂടെയുള്ള യാത്ര ആരംഭിച്ചത്. 'ആസാദി ക്കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി ലോക രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ സന്ദേശം ഉയർത്തി പിടിച്ച്‌ ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തിൽ റോട്ടറി ഇന്റർനാഷനലിന്റെ പിന്തുണയോടെയാണ് ഫായിസ് സൈക്കിൾ യാത്രക്കിറങ്ങിയത്.
ഒരാഴ്ച കുവൈത്തിൽ തങ്ങുന്ന ഫായിസ് ഇവിടെ നിന്ന് ഇറാക്കിലേക്കും തുടർന്ന് ഇറാനും അസർബൈജാനും ജോർജിയയും തുർക്കിയും പിന്നിട്ട് യൂറോപ്യൻ രാജ്യങ്ങളിലൂടെ 450 ദിവസത്തിനകം ലണ്ടനിൽ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സൈക്കളിംഗിൽ ഒട്ടേറെ മെഡലുകൾ നേടിയ തൃക്കരിപ്പൂർ സ്വദേശി സലീം പരിച്ചുംമഠത്തിനെ മൊമെന്റോ നൽകി പരിപാടിയിൽ ആദരിച്ചു. ആരോഗ്യമുള്ള ശരീരം വാർത്തെടുക്കാൻ സൈക്ക്ളിംഗ് വളരെയധികം സഹായകരമാണെന്നും പ്രവാസികൾ സ്വന്തം ശരീരം കൂടി ശ്രദ്ധിക്കണമെന്നും സലിം പറഞ്ഞു. 

ഫായിസിനുള്ള മൊമെന്റോ ശറഫുദ്ധീൻ കണ്ണേത്തും സലീമിന് കെ.ടി.പി.അബ്ദുറഹിമാനും നൽകി.

കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദു റഹിമാൻ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറിമാരായ എഞ്ചിനീയർ മുഷ്താഖ്, ടി.ടി.ഷംസു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, വൈസ് പ്രസിഡന്റ് ഷാനവാസ് കാപ്പാട്,കാസർഗോഡ് ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്ത്, പ്രവർത്തക സമിതിയംഗം അലി കുഞ്ഞി, എലത്തൂർ മണ്ഡലം പ്രസിഡന്റ്‌ ഫിറോസ് , കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെപി കുഞ്ഞബ്ദുള്ള, ഒഐസിസി നേതാവ് ഷംസു, ആശംസകൾ നേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

Related News