വീട്ടിലേക്ക് മടങ്ങി വന്നില്ല; മുൻഭാര്യയുടെ ശരീരത്തിൽ എയ്ഡ്സ് രോഗിയുടെ രക്തം കുത്തിവയ്ക്കാൻ ശ്രമിച്ചയാൾ പിടിയിൽ

  • 27/12/2022

തന്റെ വീട്ടിലേക്ക് മടങ്ങിവരാൻ വിസമ്മതിച്ച മുൻഭാര്യയുടെ ശരീരത്തിൽ എച്ച്ഐവി പോസിറ്റീവായ രക്തം കുത്തിവയ്ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മുൻ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് ശങ്കർ കാംബ്ലെ എന്നയാളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

രണ്ട് മാസങ്ങൾക്ക് മുൻപാണ് കാംബ്ലെയും ഭാര്യയും നിയമപരമായി വിവാഹമോചിതരായത്. ഭാര്യ മുൻകൈയെടുത്താണ് വിവാഹമോചനം നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിവാഹമോചനത്തെ അംഗീകരിക്കാൻ കഴിയാതിരുന്ന കാംബ്ലെ തിരികെ വീട്ടിലേക്ക് വരണമെന്ന ആവശ്യവുമായി നിരവധി തവണ ഭാര്യയെ കാണാനെത്തിയിരുന്നു. ഈ ആവശ്യം നടക്കാതെ വന്നപ്പോഴാണ് എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവച്ച് തന്നെ അപായപ്പെടുത്താൻ കാംബ്ലെ ശ്രമിച്ചതെന്ന് പരാതിയിൽ യുവതി പറയുന്നു.

സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ ചേർത്തുപിടിച്ച് സിറിഞ്ച് കുത്തിയിറക്കാൻ ശ്രമിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. ആരോഗ്യ പ്രവർത്തകനെന്ന വ്യാജേനെ ഒരു എച്ച്ഐവി വാർഡിലെത്തി ഒരു എയ്ഡ്സ് രോഗിയിൽ നിന്നാണ് ഇയാൾ രക്തം ശേഖരിച്ചതെന്ന് പൊലീസ് പറയുന്നു.

Related News